History

പോര്‍ട്ടുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ 1195 ആഗസ്റ്റ് 15-ന് വി.അന്തോണീസ് ജനിച്ചു. വിശുദ്ധന്‍റെ പിതാവ് മാര്‍ട്ടിനും മാതാവ് തെരേസയും ജ്ഞാനസ്നാനവസരത്തില്‍ ഫെര്‍ണാണ്ടോ എന്ന പേരാണ് ശിശുവിന് നല്‍കിയത്.പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ ജനിച്ചതിനാല്‍ ഭക്തയായ തെരേസ സ്വശിശുവിനെ കന്യാമറിയത്തിന് പ്രത്ഷ്ടിച്ചു.

ഫെര്‍ണാണ്ടോ എല്ലാവരുടേയും കണ്ണിലുണ്ണിയായി വളര്‍ന്നു. ഏഴാമത്തെ വയസ്സില്‍ മാതാപിതാക്കന്‍മാര്‍ ഫെര്‍ണാണ്ടോയെ അടുത്തുളള കത്തീഡ്രല്‍ വിദ്യാലയത്തിലേക്ക് അയച്ചു.അവിടെ വച്ച് ക്രിസ്തീയ വിദ്യാഭ്യാസവും പരിശീലനവും ബാലന് ലഭിച്ചു.

യുവത്വത്തിലേക്ക് കാലൂന്നിയ ഫെര്‍ണാണ്ടോ ലൗകികാനുഭൂതികളില്‍ നിന്നും അകന്നു ജീവിക്കാനാണാഗ്രഹിച്ചത്. അദ്ദേഹം 15 വയസ്സില്‍ വി.അഗസ്തീനോസിന്‍റെ സന്യാസ സഭയില്‍ അംഗമായി. താമസിയാതെ ലിസ്ബണിലുളള വി. അഗസ്തീനിയന്‍ സന്യാസാശ്രമത്തില്‍ നിന്നും കൊയിബ്രായിലേക്ക് താമസ് മാറ്റി. അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും വിശുദ്ധിയും അവിടെയുളള എല്ലാവരെയും ആകര്‍ഷിച്ചു. കൊയിബ്രായില്‍ വെച്ചാണ് ഫ്രാന്‍സിസ്കന്‍ മിഷണറിമാരുമായി വിശുദ്ധന്‍ പരിചയപ്പെടുന്നത്. അക്കാലത്ത് മൊറാക്കയില്‍ നിന്നും അഞ്ചു ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ തിരുശരീരങ്ങള്‍ കൊയിബ്രായില് കൊണ്ടു വന്നു.ഈ പുണ്യാത്മാക്കളുടെ തിരുശ്ശേഷിപ്പുകള്‍ ദര്‍ശിച്ചപ്പോള്‍ അവരെപ്പോലെ രക്തസാക്ഷിയായി മരിക്കുന്നതിന് ഫെര്‍ണാണ്ടോ അതിയായി ആഗ്രഹിച്ചു.1220 ജൂലായ് മാസത്തില്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സന്യാസസഭയില്‍ ചേര്‍ന്നു. അന്തോണീസ് എന്ന പേരാണ് ആ അവസരത്തില്‍ അദ്ദേഹം സ്വീകരീച്ചത്. നാലു മാസ‍ങ്ങള്‍ക്കു ശേഷം അന്തോണീസ് മൊറോക്കയിലേക്ക് യാത്ര തിരിച്ചു. എങ്കിലും മൊറോക്കയിലെത്തിയ ഉടനെ രോഗബാധിതനായി തീര്‍ന്നതുകൊണ്ട് തിരുച്ചു പോരേണ്ടി വന്നു.

അക്കാലത്ത് അസ്സീസിയില്‍ വച്ച് ഫ്രാന്‍സിസ്കന്‍ സഭയുടെ ഒരു പൊതുയോഗം നടന്നു.അവിടെ വച്ചാണ് വിശുദ്ധ അന്തോണീസ് ആദ്യമായി വി.ഫ്രാന്‍സിസ് അസ്സീസ്സിയെ കണ്ടുമുട്ടിയത്.രണ്ടു വിശുദ്ധാത്മാക്കള്‍ തമ്മിലുളള കൂടിക്കാഴ്ച ഹൃദ്യമായിരുന്നു. ടസ്കനിയല്‍ ഫോര്‍ലി എന്ന സ്ഥലത്തുളള മൊന്രിപവാളോയിലെ ഒരു ചെറിയ ആശ്രമത്തിലേക്കാണ് അന്തോണീസ് അയക്കപ്പെട്ടത്. അന്തോണീസിന്‍റെ വിജ്ഞാനവും വിശുദ്ധിയും ഗ്രഹിച്ച മേലധികാരികള്‍ അദ്ദേഹത്തെ സുവിശേഷ പ്രസംഗത്തിനായി നിയോഗിച്ചു.ഫ്രാന്സിലെ ആറല്‍സ് ,മോന്‍റപളളിയാര്‍ ബുര്‍ജസ് എന്നിവിടങ്ങളിലും ഇററലിയിലെ വെര്‍ച്ചേളി,റിമിനി,പാദുവ തുടങ്ങിയ പട്ടണങ്ങളിലും വിശുദ്ധന്‍ സുവിശേഷം പ്രസംഗിച്ചു.അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ദിവ്യമായ ഒരു വശ്യശക്തിയുണ്ടായിരുന്നു.അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുന്നതിന് വിദൂരദേശങ്ങളില്‍നിന്നുപോലും വിശ്വാസികള്‍ ഓടിക്കൂടി.

കമുകിന്‍കോട് ഇടവകയില്‍

1780 കളില്‍ സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിതമായ കമുകിന്‍കോട് പ്രദേശത്ത് ഒരു ആരാധനാലയം സ്ഥാപിതമായി.തമിഴ്നാട്ടിലെ വെങ്ങോട് പള്ളി വികാരി ആയിരുന്ന ബെല്‍ജിയം മിഷനറിയാണ്‌ ഇവിടെ സവിശേഷ ദൌത്യവുമായി ആദ്യമെത്തിയത്‌.ആ ഐതിഹ്യം ഇങ്ങനെ. വേങ്ങോട് വൈദികന്‍ സവാരിക്ക് കുതിരയാണ് ഉപയോഗിച്ചിരുന്നത്.ഒരുനാള്‍ സുവിശേഷ പ്രചാരണത്തിന് കുതിരപുറത്തെത്തിയ വൈദീകന്‍റെ കുതിര ഇവിടെ നായര്‍ സമുദായം വക പുരയിടത്തില്‍ എത്തിയപ്പോള്‍ അനങ്ങാതെ നിലയുറപ്പിച്ചു.ആ സ്ഥലത്ത് വി.അന്തോണീസിന്‍റെ പേരില്‍ പള്ളി സ്ഥാപിക്കാനകുമോന്നായി പുരോഹിതന്‍റെ അന്വേഷണം.അതിന്‌ ഉടമസ്ഥന്‍ 5 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായത്രെ.അങ്ങനെ 1785-ല്‍ അവിടെ ചെറിയ ദേവാലയം ഉയര്‍ന്നു വന്നു.അതാണ്‌ ഇന്നു കാണുന്ന കുരിശടിയുടെ ചരിത്രം.കിഴക്ക് ദര്‍ശനമായി പച്ചമണ്ണ്‍ ചവിട്ടിപ്പുതച്ചു മിനുസപ്പെടുത്തി ഓലമേഞ്ഞ ആ പഴയ ആരാധനാലയത്തിന് ഒരു അമ്പലത്തിന്‍റെ മട്ടാണുണ്ടായിരുന്നത്.

അന്ന് കൊച്ചുപള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന മരത്തില്‍ കടഞ്ഞെടുത്ത വി.അന്തോനീസിന്‍റെ തിരുസ്വരൂപമാണ് ഇന്നും ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന പ്രതിഷ്ഠ.സുവിശേഷം അറിയാനും ആരാധനയില്‍ പങ്കെടുക്കാനും തടിച്ചുകൂടിയ വിശ്വാസികളുടെ ബാഹുല്യം ഇന്നു കാണുന്ന വലിയ പളളി സ്ഥാപിക്കാന്‍ നിമിത്തമായത്.1910-ല്‍ ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി വലിയപളളി സ്ഥാപിതമായെങ്കിലും ചൊവ്വാഴ്ചകളില്‍ നാനജാതി മതസ്ഥര്‍ കൊച്ചുപളളി കുരുശടിയില്‍ ആരാധന നടത്തി വരുന്നു.

വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തില്‍ പുരോഗമിച്ചു……….. സന്താനരഹിതര്‍ സന്താന ഭാഗ്യരായി………………അശരണര്‍ ശരണരായി ……………………. കളവു വസ്തുകള്‍ തിരികെ കിട്ടിയവര്‍ സന്തുഷ്ടരായി.അങ്ങനെ എല്ലാം എല്ലാമായി വിശുദ്ധന്‍റെ മാധ്യസ്ഥം എല്ലാവര്‍ക്കും പ്രത്യാശയായി.സ്നേഹസാന്ത്വനമായി ഇന്നും പരിലസിക്കുന്നു…………

കൊച്ചുപളളി പണിതതുമുതല്‍ ആണ്ടുതോറും 13 ദിവസത്തെ തിരുനാള്‍ വേങ്കോട് ബെല്‍ജിയം മിഷണററിമാര്‍ ഇവിടെ തങ്ങി നടത്തുകയും കൂതാശകള്‍ നല്‍കിപോരുകയും ചെയ്തു.വിശുദ്ധന്‍റെ തിരുനാള്‍ 13 ദിവസത്തെ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ എല്ലാം വര്‍ഷവും ആഘോഷിക്കുകയാണ്. 1972-ല്‍ കമുകിന്‍കോട് ഇടവക വികാരിയായിരുന്ന ഫാ.ജോസഫ് ആറാട്ടുകുളം കൊച്ചുപളളി പുതുക്കി പണിയിപ്പിച്ചു.

1984-ല്‍ വികാരിയായിരുന്ന ഫാ.ജോസഫ് പെരേര ചൊവ്വാഴ്ച തോറും നൊവേനയും ദിവ്യപൂജയും മുടക്കമില്ലാതെ നടത്തുന്നതില്‍ അതീവ തല്‍പരനായിരുന്നു.തീര്‍ത്ഥാടകരുടെ തിക്കും തിരക്കും ഏറിയപ്പോള്‍ 1995-ല്‍ വികാരിയായിരുന്ന ഫാ.വില്‍ഫ്രെഡ് വിശാലമായ കുരിശ്ശടി പുതുക്കി പണിയിപ്പിച്ചു

ഫാ.എ.ജി ജോര്‍ജ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ചൊവ്വാഴ്ച 3 ദിവ്യബലികള്‍ ഏര്‍പ്പെടുത്തി.ഈ കാലഘട്ടത്തില്‍ തന്നെ ഇറ്റലിയിലെ പാദുവായില്‍ നിന്നു കൊണ്ടു വന്ന വി.അന്തോനീസിന്‍റെ തിരുശേഷിപ്പ് കമുകിന്‍കോട് ദേവാലയത്തില്‍ പ്രതിഷ്ടിച്ചു.